കഥ പറയുക

കഥ പറയുക
കഥ പറയുക

Sunday 16 February 2014

സലിന്‍ അന്നജേക്കബ്‌ ചെയ്‌തത്‌

ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട സലീന്‍ അന്ന ജേക്കബിന്റെ ജീവിതരേഖയാണിത്‌. ഇരുട്ട്‌ വാരിപുതച്ച്‌ കാരാഗൃഹത്തിന്റെ തണുത്തതറയില്‍ വേദനയോടെ അവള്‍ ഉറങ്ങാന്‍ കിടക്കുകയും, ഉറങ്ങാനാവാതെ ഓര്‍മ്മകളിലേക്ക്‌ വീഴുകയും ചെയ്‌തുകൊണ്ടിരുന്നു. കാരാഗൃഹം പലപ്പോഴും തേങ്ങലുകള്‍ ഒളിപ്പിച്ചുവെച്ച നിശബ്‌ദതയുടെ കടലാണെന്ന്‌ സലിന്‍ അന്ന ജേക്കബ്‌ ഓര്‍ത്തു. മരിക്കാനും ജീവിക്കാനുമുളള സാധ്യതകള്‍ നീട്ടിത്തരുന്ന കടല്‍.
വനിതാസെല്ലാകയാല്‍ വാര്‍ഡനും വനിതയാണ്‌. അവരുടെ സമയബന്ധിതമായ സര്‍ക്കീട്ടുകളുടെ പദവിന്യാസം അവള്‍ ഉറങ്ങാതെ കിടന്നു കേള്‍ക്കാറുണ്ട്‌. പക്ഷെ സൂപ്രണ്ട്‌ പുരുഷനാണ്‌. അയാളുടെ കഴുകന്‍ കണ്ണുകളിലെ കാമവും വന്യതയും പകലുകളില്‍പോലും അവളില്‍ ഭയം വാരിനിറയ്‌ക്കുന്നു. അയാള്‍ ഇടയ്‌ക്കിടെ വന്ന്‌ രൂക്ഷമായി നോക്കുകയും, സ്‌നേഹപൂര്‍വ്വം ചിരിക്കുകയും ചെയ്‌തു.
എല്ലാ പുരുഷചിരികളേയും അവള്‍ക്കു പേടിയാണ്‌. അവന്റെ ചിരിക്ക്‌ ഒരൊറ്റ അര്‍ത്ഥമേ ഉളളൂ. സലിന്‍ അന്ന ജേക്കബ്‌ അവരെ സംബന്ധിച്ചിടത്തോളം ഒരു സ്‌ത്രീ ശരീരം മാത്രമാണ്‌. കാഴ്‌ചയുടെ ദുര്‍ഗതികള്‍. ഒരു ചരിത്രത്തിനും, സംസ്‌കാരത്തിനും ഈ ചിന്തയുടെ വേവുന്ന ലോകത്തില്‍നിന്നും പുരുഷനെ ശുദ്ധീകരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇങ്ങനെ ഓര്‍മ്മയില്‍ വീണു കിടക്കുമ്പോള്‍ അവള്‍ പോടിയോടെ അവളുടെ ഭര്‍ത്താവിനെ ഓര്‍ക്കും. അയാള്‍ക്ക്‌ എപ്പോഴും മദ്യത്തിന്റെ രൂക്ഷതയായിരുന്നു, ആദ്യരാത്രിയില്‍പോലും. ഇരുണ്ട ആ രാത്രിയില്‍ അമ്മ തൂവിയിട്ട മുല്ലപ്പൂവിന്റെ സുഗന്ധം ബ്രാന്‍ഡിയുടെ ചവര്‍പ്പില്‍ കുതിര്‍ന്നു.
പിന്നീട്‌ സലിന്‌ ഓര്‍മ്മവരുന്നത്‌ ഒരു വാക്കത്തിയുടെ മൂര്‍ച്ച നെയ്‌തെടുത്ത ചുവപ്പിന്റെ കടലില്‍ അലറിവിളിക്കുന്ന അയാളുടെ ഭീകരരൂപമാണ്‌. മരണത്തെ അയാള്‍ പാരവശ്യത്തോടെ നേരിടുന്നത്‌ സലിന്‍ നേരിട്ടുകണ്ടു. ചില കാഴ്‌ചകള്‍ മനസിന്റെ ആഴങ്ങളിലെ മുദ്രകളായി പതിഞ്ഞുപോവുന്നു.
അവള്‍ പിന്നീട്‌ അച്‌ഛനെ ഓര്‍ക്കുന്നു... അമ്മയെ ഓര്‍ക്കുന്നു.. ദാരിദ്രമായിരുന്നെങ്കിലും ആഹ്ലാദം പൂത്തുലയുl‍ന്ന സ്വന്തം കുട്ടിക്കാലവും വീടും ഓര്‍ക്കുന്നു.. കുട്ടിക്കാലത്തിന്‌ ആകെ മധുരമാണ്‌. യൗവനമെത്തുമ്പേഴേക്കും മധുരമെല്ലാം വറ്റി, ജീവിതത്തിലാകെ കയ്പു നിറയുന്നു.
പിന്നീട്‌ അവളുടെ ഓര്‍മ്മയിലേക്ക്‌ ഭീകരമായി എത്തുന്നത്‌ ജയില്‍ സൂപ്രണ്ടിന്റെ അഴകുഴമ്പന്‍ ചിരിയും, പ്രലോഭനങ്ങളുമാണ്‌. കൂട്ടിലയ്‌ക്കപ്പെട്ട കിളിയുടെ ചിറകുകൂടി മുറിക്കുന്ന വേദനയോടെ സമകാലിനാവസ്ഥയെ സലിന്‍ ഓര്‍ക്കുന്നു... ബാക്കി ഓര്‍മ്മകളൊന്നും സാരമില്ല. ഇപ്പോഴത്തെ പ്രശ്‌നം ജയില്‍ സൂപ്രണ്ടുതന്നെയാണ്‌.
ഇങ്ങനെയൊക്കെ ചിന്തിച്ച്‌ ചിന്തിച്ച്‌ ഒരിക്കലും ഒടുങ്ങാത്ത ഓര്‍മ്മകളുമായി അവള്‍ ഉറക്കത്തിലേക്ക്‌ വീഴുന്നു... എന്നാല്‍ അവള്‍ക്ക്‌ ഉറങ്ങാന്‍ കഴിയാറുമില്ല.
സലിന്‍ അന്ന ജേക്കബിനെ, തുരുത്തിപ്പാട്ടുകാരന്‍ ജോസിന്‌ വിവാഹം ചെയ്‌തുകൊടുക്കുമ്പോള്‍ അയാള്‍ക്ക്‌ ബോംബെയില്‍ ജോലിയാണ്‌ എന്നാണ്‌ പറഞ്ഞിരുന്നത്‌. വിവാഹം കഴിഞ്ഞയുടനെ അയാള്‍ ബോംബെയിലേക്കു പോവുകയും ചെയ്‌തു. ആദ്യദിനങ്ങളുടെ തേജോമയമായ ആഹ്ലാദം (അതു ബ്രാന്‍ഡിമണക്കുന്നതായിരുന്നെങ്കില്‍കൂടി) പെട്ടന്നവസാനിച്ചതില്‍ അവള്‍ സങ്കടപ്പെട്ടു. എന്നാല്‍ അധികം വൈകാതെ അയാള്‍ എത്തി അവളെ ബോംബെ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, അങ്ങനെ കൗമാരകാലം തൊട്ട്‌ ഹൃദയത്തിന്റെ ആഴങ്ങളില്‍ തളിര്‍ത്തുകിടന്ന മോഹത്തിന്റെ ചെറുചെടികള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്‌തു.
അപരിചിതമായ പുതിയ ലോകത്തിന്റെ വിസ്‌മയ കാഴ്‌ചകളില്‍ സലിന്‍ അന്ന ജേക്കബ്‌ എന്ന നാട്ടിന്‍പുറത്തുകാരി വല്ലാതെ വലഞ്ഞു.. എവിടേയും കാഴ്‌ചയുടെ ഉല്‍സവമായിരുന്നു ബോംബെ.. പുതിയ ഭാഷ, പുതിയ വേഷം, പുതിയ സംസ്‌കാരം.. വിസ്‌മയത്തിന്റെ മായച്ചിറകുകളിലെ സഞ്ചാരം. പക്ഷെ അവളെ ഏറ്റവും അധികം വിസ്‌മയിപ്പിച്ചത്‌ ജോസ്‌ തന്നെയായിരുന്നു.
ബോംബെയില്‍ എത്തിയതിനുശേഷം അയാളുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം... മദ്യപാനത്തിന്റെ ആരോഹണാവരോഹണങ്ങള്‍, ഒപ്പം കൂടുന്ന ചങ്ങാതിമാരുടെ കളളച്ചിരിയും നോട്ടവും... ജോസ്‌ മനഃപൂര്‍വ്വം ചില സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിക്കുകയാണെന്ന തിരിച്ചറിവിലേക്കു എത്തിയപ്പോഴേക്കും അവള്‍ നിസഹായതയുടെ പടുകുഴിയില്‍ വീണുകഴിഞ്ഞിരുന്നു. നിസഹായാവസ്ഥയില്‍ എത്തുമ്പോള്‍ രക്ഷപ്പെടാനുളള വഴികള്‍ക്കു നീളം കുറയുമെന്ന്‌ അവള്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍- സലിന്‍ അന്ന ജേക്കബ്‌ ബോറിവില്ലയിലെ ഒരു പഴയ ഇരുന്നില കെട്ടിടത്തിന്റെ പഴകിയ ചുവരിനോട്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ പഴയ കാലത്തെ ഓര്‍ത്ത്‌ കരഞ്ഞു.
രാത്രിയില്‍ ജോസിന്റെയും അയാള്‍ക്കൊപ്പം വരുന്ന സുഹൃത്തുക്കളുടേയും വരവിനെക്കുറിച്ച്‌ അവള്‍ പേടിയോടെ ഓര്‍ത്തു.
സ്വന്തം ശരീരം ഭയാനകമായ ഒരു സ്വപ്‌നമായി അവളെ പേടിപ്പിച്ചു. ശരീരത്തെ ഉപേക്ഷിച്ച്‌ അശരീരയായ സ്വന്തം കുട്ടിക്കാലത്തിന്റെ ആഹ്ലാദങ്ങളിലേക്ക്‌ തിരിച്ചുപയാന്‍ അവള്‍ കൊതിച്ചു.
ചെറുത്തുനില്‍പുകള്‍ക്ക്‌ പരിധിയുണ്ടെന്ന്‌ ക്രമേണ അവള്‍ തിരിച്ചറിഞ്ഞു. ഒറ്റയ്‌ക്കായിപോയ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം പ്രതിരോധമെന്നത്‌ സ്വയം ആശ്വസിക്കാനുളള ഒരു സങ്കല്‍പം മാത്രമാണ്‌. അതും എതിര്‍ചേരിയില്‍ നില്‌ക്കുന്നത്‌ സ്വന്തം ഭര്‍ത്താവ്‌ തന്നെയാവുമ്പോള്‍ എതിര്‍പ്പുകള്‍ ദയയില്ലാതെ തകര്‍ക്കപ്പെടുന്നു.
ഒടുവില്‍ ഒരു വെളളിയാഴ്‌ചയുടെ മധ്യാഹ്നത്തില്‍, ഭര്‍ത്താവ്‌ പതിവുപോലെ വെളിയില്‍ പോയ സന്ദര്‍ഭത്തില്‍ അയാള്‍ക്കൊരു കത്തും എഴുതിവെച്ച്‌ അവള്‍ ബോംബെ വിട്ടു.
സങ്കടങ്ങളാല്‍ പൂത്തുലഞ്ഞവളായാണ്‌ അവള്‍ തിരികെയെത്തിയത്‌. നിസ്സഹായരായ ഈ അച്‌ഛന്റെയും അമ്മയുടെയും ഇല്ലായ്‌മകളിലേക്കും വിഷാദങ്ങളിലേക്കുമാണവള്‍ തിരിച്ചെത്തിയതെങ്കിലും, ബോംബേ ജീവിതത്തിന്റെ ഭയങ്ങളില്‍നിന്ന്‌ രക്ഷപ്പെട്ടതിനാല്‍ അവള്‍ സന്തോഷിച്ചു.
പക്ഷെ ജോസ്‌ ഒരുദിനം വീണ്ടും അവളെ തേടിയെത്തി. ഇക്കുറി, ഏറെ ക്ഷമായാചനകളും, പരിഭവങ്ങളും, മാനസാന്തരങ്ങളും അയാളില്‍ തുടിച്ചുനിന്നു. നിരുപാധികം മാപ്പു കൊടുക്കുകയല്ലാതെ ഒരു ഭാര്യയ്‌ക്ക്‌ എന്തുചെയ്യാന്‍. ഏതു ഭാര്യയ്‌ക്കാണ്‌ ഭര്‍ത്താവിനെ എന്തു കാരണത്തിന്റെ പേരിലായാലും ഏറെനാള്‍ വെറുത്തിരിക്കാന്‍ കഴിയുക.
ജീവിതത്തിന്റെ നൂലിഴകള്‍ തുന്നിച്ചേര്‍ത്ത്‌ വീണ്ടും ഒരു നല്ല ജീവിതം നെയ്‌തെടുക്കാമെന്ന്‌, ജോസുമായി ചേര്‍ന്നുളള രണ്ടാം ജീവിതത്തില്‍ അവള്‍ പ്രതീക്ഷിച്ചു.
ജോസ്‌ ഒരു വീട്‌ വാടകയ്‌ക്കെടുക്കുന്നു. അയാള്‍ സ്‌നേഹപൂര്‍വ്വം വിളിച്ചതിനാല്‍ സലില്‍ അയാളോടൊപ്പം അവിടേക്ക്‌ എത്തി. പുതിയ ജീവിതത്തെ കുറിച്ച്‌ സ്വപ്‌നം കാണുന്നു.. തുടര്‍ന്നുണ്ടാവുന്ന ആഹ്ലാദത്തിന്റെ രണ്ടോ മൂന്നോ ദിനങ്ങള്‍ പെട്ടെന്ന്‌ അവസാനിക്കുന്നു. ജോസ്‌ അങ്ങനെയാണ്‌. അയാളുടെ സ്വകാര്യ സ്വഭാവങ്ങളില്‍ നിന്ന്‌ അയാള്‍ക്ക്‌ ഒരിക്കലും മോചിതനാവാന്‍ കഴിയാറില്ല.
ആദ്യം മദ്യപാനം, പിന്നീട്‌ ഒരു തൊഴിലിനും പോകാന്‍ കൂട്ടാക്കാത്ത വിരസതയാര്‍ന്ന ജീവിതം... ഇങ്ങനെ ജോസ്‌ സ്വയം ഒരു വലിയ ഗര്‍ത്തമായി മാറുന്നതുകൊണ്ട്‌ സലിന്‍ വിഷാദങ്ങളില്‍ വീഴുന്നു.
അതിനിടെ സുഹൃത്തുക്കളായ ചിലരെ അയാള്‍ വീട്ടിലേക്കു ക്ഷണിക്കുകയും, സലിനുമായി സന്ധിക്കുന്നതിനുളള അവസരം ബോധപൂര്‍വ്വം സൃഷ്‌ടിക്കുകയും ചെയ്യുന്നു. അവള്‍ വരുന്നവരെയെല്ലാം സന്തോഷിപ്പിക്കണമെന്ന്‌ വ്യംഗ്യാര്‍ത്ഥത്തോടെ, ചില പഴയകാല സിനിമകളിലെപോലെ പറയുകയല്ല. പകരം അയാള്‍ ഒരു ഫിലോസഫി വിളമ്പുന്നു.
"ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റൂ... എത്ര സ്‌ത്രീകളാ ഇങ്ങനെയൊക്കെ ജീവിക്കുന്നത്‌... സലിന്‍ ആദ്യം വിരളുകയും, പിന്നെ വിയര്‍ക്കുകയും ഒടുവില്‍ അതീവ ധൈര്യത്തോടെ അയാളുടെ ഫിലോസഫിയെ ചവുട്ടിപുറത്താക്കുകയും ചെയ്‌തു.
പ്രതിരോധങ്ങള്‍ ദുര്‍ബലമാവുകയും, പ്രലോഭനങ്ങള്‍ ഏറിവരുകയും ചെയ്‌ത ഒരു വെളളിയാഴ്‌ച രാത്രിയിലാണ്‌ സലിന്‍ അയാളുടെ ശിരസിനെ പിന്നില്‍നിന്ന്‌ വെട്ടിമാറ്റാന്‍ ശ്രമിച്ചത്‌. പിടലിഞ്ഞരമ്പില്‍ നിന്ന്‌ തുളളിത്തെറിച്ച ചോരയില്‍ പുരുഷലോകത്തിന്റെ മുഴുവന്‍ പാപങ്ങളും കഴുകി കളഞ്ഞതായി അവള്‍ പ്രഖ്യാപിച്ചു. വെട്ടുക്കത്തി, ആ സമയം ധൈര്യം കോരിയിട്ട ഒരു പിടിവളളിയായിരുന്നു. അവള്‍ അതിനെ കൃത്യമായും നാലുപ്രാവശ്യം ജോസിന്റെ വഷളശിരസ്സിലൂടെ ഉയര്‍ത്തി താഴ്‌ത്തിയെടുത്തു.
ചുറ്റിലും ചുവപ്പിന്റെ കടല്‍, ഉളളില്‍ അലിഞ്ഞുനീങ്ങുന്ന ധൈര്യം.. അതോടെ കൊലപാതകത്തിന്റെ പതിവു ആശങ്കകളാല്‍ അവള്‍ തപിക്കാന്‍ തുടങ്ങി. യാഥാര്‍ത്ഥ്യത്തിന്റെ ലോകം ഭീകരമായി അവള്‍ക്കു തോന്നി.
മുന്നില്‍ ചേതനയറ്റ ഭര്‍ത്താവ്‌.. അന്നു രാത്രിയിലേക്കു അയാള്‍ കൂട്ടിക്കൊണ്ടുവന്ന മധ്യവയസ്‌കന്‍ എപ്പോഴേ പലായനം ചെയ്തിരുന്നു... ഒറ്റയ്‌ക്കായപ്പോള്‍ സലിന്‍ അന്ന ജേക്കബിന്‌ വീണ്ടും ഭയം തോന്നി.
എന്നിട്ടും, മെല്ലെ അവള്‍ എഴുന്നേറ്റു, സ്വന്തം വസ്‌ത്രങ്ങളിലെ ചോരപ്പാടുകളെ സങ്കടക്കണ്ണീരാന്‍ കഴുകി, പിന്നെ കുളിച്ച്‌ ആത്മാവിനെ ശുദ്ധമാക്കി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ നടന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയുടെ പെരുമഴ തീര്‍ത്ത്‌ സലിന്‍ അന്ന ജേക്കബ്‌ പോലീസ്‌ സ്‌റ്റേഷനിലും, കോടതിയിലും നിറഞ്ഞു. സ്‌ത്രീയുടെ മാനം കാക്കാന്‍ ധൈര്യം കാട്ടിയവള്‍ എന്ന്‌ ചിലരെങ്കിലും അവളെക്കുറിച്ച്‌ അഭിമാനിച്ചു. ചില സ്‌ത്രീകള്‍ കെട്ടിയവനെ കൊന്നവള്‍ എന്ന്‌ പരിഹസിച്ചു.
ഓര്‍മ്മയുടെ ഒരു രംഗം അവസാനിക്കുമ്പോഴേക്കും അവള്‍ക്ക്‌ ഉറക്കം വരും. കാരാഗ്രഹം മുഴുവന്‍ അതിനുമുന്‍പെ ഉറങ്ങിയിട്ടുണ്ടാവും. പക്ഷെ എത്ര ഉറക്കം വന്നാലും അവള്‍ ഉറങ്ങാതിരിക്കാന്‍ ശ്രമിക്കും. കാരണം ഉറങ്ങുമ്പോള്‍ ജലില്‍ സൂപ്രണ്ട്‌ പതുക്കെ എത്തുന്നുണ്ടാവും എന്ന പേടി... അയാളുടെ പ്രലോഭനങ്ങള്‍... പരീക്ഷണങ്ങള്‍... സുന്ദരിമാരായ സ്‌ത്രീകള്‍ക്ക്‌ ജയിലില്‍ രക്ഷയില്ല.. നല്ല കാരാഗൃഹമുറികള്‍ക്ക്‌, നല്ല പായ, നല്ല മെത്ത, നല്ല പുതപ്പുകള്‍... ഓരോന്നിനും അവര്‍ പുരുഷ അധികാരികള്‍ക്ക്‌ വഴങ്ങണം... സ്‌ത്രീ വാര്‍ഡന്‍മാര്‍ അതിനനുസരിച്ച്‌ നില്‌ക്കുകയും ചെയ്യും.
വഴങ്ങാത്തവര്‍ക്ക്‌ പീഡനം, ശാരീരികവും, മാനസീകവും. അവള്‍ ഇതുവരെ സഞ്ചരിച്ച കഠിന പാതകളിലെ പീഡനങ്ങളേക്കാളേറെ പീഡനം. സൂപ്രണ്ട്‌ വികട ചിരിയോടെ എല്ലാ സന്ധ്യകളിലും വന്ന്‌ സലിന്‍ അന്ന ജേക്കബിന്റെ സൗന്ദര്യത്തെ വാഴ്‌ത്തി. അയാള്‍ പറയുന്നതുപോലെ അനുസരിച്ചാല്‍ സലിന്റെ ജയില്‍ ജീവിതം സുഖവാസ തുല്യമാവും എന്ന പ്രലോഭനം.
സ്വന്തം ശരീരം സംരക്ഷിക്കാനായി ഭര്‍ത്താവിനെപോലും കൊല്ലേണ്ടിവന്ന അവള്‍ക്ക്‌ ജയിലിലെ അലിഖിത ജീവിതക്രമങ്ങളാല്‍ കുഴങ്ങേണ്ടിവന്നു. സ്‌ത്രീത്വത്തിന്റെ നിസഹായാവസ്ഥ.
വെറും തറയില്‍, തണുപ്പില്‍, പായയും, പുതപ്പുമില്ലാത്ത ശൂന്യാവസ്ഥയില്‍ കൊതുകിന്റെ ജീവിതോല്‍സുകതയ്‌ക്കുമുന്നില്‍ പകച്ച്‌, മലത്തിന്റെയും മൂത്രത്തിന്റെയും നിശിതഗന്ധങ്ങളില്‍ മരവിച്ച്‌ ഉറങ്ങാന്‍ കഴിയാതെ, ഓര്‍മകള്‍ മുറിവേറ്റ ഒരു രാത്രിയില്‍ സൂപ്രണ്ടിന്‌ വഴങ്ങാന്‍ തന്നെ സലിന്‍ അന്ന ജേക്കബ്‌ തീരുമാനിച്ചു.
ഇതേ ശരീരം കാത്തുസൂക്ഷിക്കാനായി ഭര്‍ത്താവിനെ കൊല്ലേണ്ടിവന്ന അഭിശപ്‌ത നിമിഷത്തെ കുറിച്ചോര്‍ത്ത്‌ ചിരിച്ചും കൊണ്ട്‌ അവള്‍ സൂപ്രണ്ടിന്റെ പ്രലോഭനങ്ങള്‍ക്കു ഒരു ആട്ടിന്‍കുട്ടിയെപോലെ കീഴടങ്ങാന്‍ തയ്യാറായി വന്നു.
അയാള്‍ മെല്ലെ വന്ന്‌ കാരാഗൃഹം തുറന്ന്‌ അവളെ സ്വന്തം മുറിയിലേക്ക്‌ ആനയിച്ചു. രാത്രി ഏറെ കഴിഞ്ഞിരുന്നു. അയാള്‍ അവളെ നടത്തി. നടപ്പിന്റെ ഹൃസ്വദൂരങ്ങളിലത്രേയും, സ്വന്തം ജീവചരിത്രം അവളുടെ കണ്ണുകളിലൂടെ ഒഴുകി... കുട്ടിക്കാലം, കൗമാരം, യൗവനം, അച്‌ഛന്‍, അമ്മ, ഭര്‍ത്താവ്‌, സ്വന്തം ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന പരശ്ശതം കണ്ണുകള്‍... ദൈവമെ സ്‌ത്രീയുടെ സ്വപ്‌നങ്ങള്‍ എന്നവള്‍ ഓര്‍ത്തു.
ഭര്‍ത്താവ്‌ കൂട്ടുകാരനുമൊത്തുവന്ന്‌ ശരീരം പങ്കുവയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ധൈര്യമായി കൂടെ നിന്നത്‌ ഒരു വില കുറഞ്ഞ വെട്ടുകത്തിയായിരുന്നു. അതിന്റെ നിശബ്‌ദമായ മൂര്‍ച്ച യുഗങ്ങളായി സ്‌ത്രീ സൂക്ഷിച്ചുവെച്ച എല്ലാത്തിനെയും സംരക്ഷിക്കാന്‍ അവളുടെ കൈയില്‍ ഒതുങ്ങി നിന്നു കൊടുത്തു.
അവള്‍ ഇരുട്ടില്‍ രക്തം മണത്തു. പക്ഷെ ഇവിടെ വെട്ടുകത്തിയെന്നല്ല ഒരു ചെറിയ ഉപകരണം പോലും കൂട്ടിനില്ലല്ലോ എന്നവള്‍ ഓര്‍ത്തു.
സൂപ്രണ്ട്‌ അവളെ വരിഞ്ഞു പിടിക്കുകയാണ്‌. "ഇതൊക്കെ നേരത്തെ ആകാമായിരുന്നില്ലേ, എന്നാല്‍ രാജകുമാരിയെപോലെ നിനക്കിവിടെ കഴിയാമായിരുന്നില്ലേ..." അയാളുടെ മൊഴിയുടെ വഴക്കം..
ജയിലും രാജകുമാരിയും... അവള്‍ക്ക്‌ കരച്ചില്‍ വന്നു. ശരീരമാണല്ലോ ദൈവമെ സ്‌ത്രീയുടെ പ്രതിബന്ധം എന്ന്‌ വേദനയോടെ ഓര്‍ത്തുകൊണ്ട്‌ അവള്‍ ഒതുങ്ങിനിന്നു.
ഇരുട്ടായിരുന്നു എല്ലായിടവും. ഒരു മിന്നാമിനുങ്ങുപോലുമില്ലാത്ത ഇരുട്ടിന്റെ സാന്ദ്രത. അതേ സമയം ജയിലിന്റെ കല്‍മതിലിനു വെളിയില്‍ തൂക്കിയിരുന്ന നിയോണ്‍ ബള്‍ബിന്റെ പ്രകാശധാര ജയിലിനുളളിലെ ഇരുട്ടിനെ ഇടയ്‌ക്കിടെ മയപ്പെടുത്തി. അയാള്‍ ആവേശത്തോടെ സലിനെ, അവളുടെ ഋജുവായ ശരീരത്തെ ചേര്‍ത്തുപിടിച്ചു. മുറിയിലെത്തി അയാള്‍ കുപ്പായത്തില്‍ നിന്ന്‌ മോചിതനായി, അവളോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഇരുട്ടില്‍ അവളുടെ കണ്ണുകള്‍ കത്തി. ആത്മാവിന്റെ ഉളളറയില്‍ നിന്ന്‌ പുകയും ഗന്ധകവുമായി ഓര്‍മകള്‍ വീണ്ടും അവളിലേക്കു പ്രവഹിക്കാന്‍ തുടങ്ങി.
ഇതിനിടെ നഗ്‌നനായി കഴിഞ്ഞ അയാള്‍, കൂടുതല്‍ കരുത്തോടെ അവളെ തന്നിലേക്കു ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചു.
അവള്‍ ഒരുനിമിഷം സങ്കടങ്ങളുടെ മഹാസാഗരത്തെ, ചുറ്റും ഉയര്‍ന്നു പൊങ്ങുന്ന തീമലകളെ ബോധപൂര്‍വ്വം സ്വയം ഒഴിവാക്കി... അയാളുടെ അരികില്‍ മുട്ടുകുത്തിയിരുന്നു.
അയാളുടെ ലിംഗം വിജ്രംഭിച്ചിരുന്നു. അതു കാലങ്ങള്‍ക്കപ്പുറത്തുകൂടി പുരുഷന്റെ മേധാശക്തി സംഭരിച്ച്‌ തലച്ചോറിലൂടെ അയാളെ ഇളക്കി.. ചരിത്രം എന്നും പുരുഷന്റേതായിരുന്നു എന്ന്‌ വേദനയോടെ അവള്‍ ഓര്‍ത്തു. കുട്ടിക്കാലത്ത്‌ അച്‌ഛന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന ഓര്‍ത്തു. അവളതു മനസില്‍ പ്രാര്‍ത്ഥിച്ച്‌ ആമേന്‍ പറഞ്ഞു. പിന്നെ സര്‍വ്വശക്തിയുമെടുത്ത്‌ ലിംഗത്തില്‍ കടിച്ചു.. അയാള്‍ ഒരു കുതറി... അവള്‍ ചിരിയോടെ പല്ലുകളെ ചരിത്രത്തിന്റെ അധികാരത്തിലേക്കും മേധാശക്തിയിലേക്കും ആഴ്‌ത്തി....
ലിംഗത്തില്‍നിന്ന്‌ രേതസ്‌ പിന്‍വാങ്ങി. ചീറ്റിതെറിച്ച ചോര അവളെ നനച്ചു.. അയാള്‍ ഒരു ആര്‍ത്തനാദത്തോടെ പിന്നിലേക്കു വീണു. ചോരയ്‌ക്കു നല്ല ചൂടായിരുന്നു. അത്‌ അവളുടെ ആത്മാവിന്റെ തണുപ്പിന്‍മേല്‍ വീണുപൊളളി. വായ തുടച്ച്‌ അവള്‍ സ്വന്തം കാരാഗൃഹത്തിലേക്കു വന്നു. ഓര്‍മകളിലേക്ക്‌ ഒരു പായ്‌ വിരിച്ചവള്‍ കിടന്നു. ഏറെ നാളുകള്‍ക്കുശേഷം സുഖമായി ഉറങ്ങി.
ഐസക്ക്‌ ഈപ്പന്‍

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates